പട്ടാളം കുട്ടി/ കാര്‍ട്ടൂണ്‍


മോഹന്‍ലാലിനു പിറകേ അബ്ദുള്ളക്കുട്ടിയും ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്

കേരളത്തിലെ സപ്താത്ഭുതങ്ങള്‍/കാര്‍ട്ടൂണ്‍

എസ്.എം.എസ് വോട്ടിംഗിലൂടെ മലയാളികള്‍ തെരഞ്ഞെടുത്ത സപ്താത്ഭുതങ്ങള്‍..
ബാപ്പുഹാജിയുടെ നാലുകെട്ട്
കെട്ടിക്കൊണ്ടു വന്ന നാലു ഭാര്യമാര്‍ക്കും തനിക്കും വേണ്ടി ബാപ്പുഹാജി പണികഴിപ്പിച്ച നാലുകെട്ട്. പേര്‍ഷ്യന്‍ കേരള വാസ്തുവിദ്യകളുടെ സമന്വയം.
കുഞ്ഞിരാമേട്ടന്റെ ടവര്‍ഹൌസ്
ആകെയുള്ള 3 സെന്റ് സ്ഥലം നാലു മൊബൈല്‍കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കി, അവിടെ അവര്‍ സ്ഥാപിച്ച മൊബൈല്‍ ടവറുകളും അവയ്ക്കിടയില്‍ കഞ്ഞിരാമേട്ടന്‍ തനിക്കു താമസിക്കാന്‍ തീര്‍ത്ത ഏറുമാടവും. പരമ്പരാഗത പാര്‍പ്പിടസംസ്കാരവും ആധുനികസാങ്കേതികതയും സമ്മേളിക്കുന്ന ഈ ദൃശ്യം ഈഫല്‍ടവറിനേക്കാള്‍ മനോഹരം

കുമാരന്‍ കോണ്ട്രാക്ടറുടെ മണല്‍പ്പാലം
വെറും 10 ചാക്ക് സിമന്റും വേണ്ടതിന്റെ പത്തിലൊന്നു മാത്രം കമ്പിയും ബാക്കി മുഴുവന്‍ മണലും കൊണ്ട് നിര്‍മ്മിച്ച ഈ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. (പൊളിഞ്ഞുവീഴാത്ത കാലത്തോളം)
ചാത്തങ്കര തറവാട്
പിറന്നു വീഴുന്നവരെല്ലാം ആള്‍ദൈവങ്ങളായി മാറുന്ന തറവാട്. ഈ വീടിന്റെ ഉപഗ്രഹചിത്രങ്ങളില്‍ ഇതിനു ചുറ്റും സവിശേഷമായ ഒരു ‘ഓറ’ ദൃശ്യമാണ്.

കൊട്ടുവടിക്കുന്നിലെ സര്‍പ്പക്കാവ് ആ‍നമയക്കി, മണവാട്ടി തുടങ്ങി ആമസോണ്‍ കാടുകളില്‍ പോലും കാണാത്ത അഞ്ഞൂറില്‍പ്പരം സര്‍പ്പജാതികളുടെ ആവാസകേന്ദ്രം.


ജോണിക്കുട്ടീസ് പാലസ് പാരമ്പര്യത്തിന്റെ പ്രൌഢിയും ആധുനികസൌകര്യങ്ങളും ഒത്തിണക്കി ഗള്‍ഫ്‌കാരന്‍ ജോണിക്കുട്ടി പണികഴിപ്പിച്ച കൊട്ടാരസദൃശ്യമായ വീട്. അഞ്ചു പേര്‍ക്ക് ഒരേ സമയത്ത് കെട്ടിത്തൂങ്ങാന്‍ കഴിയുന്ന, മുറ്റത്തെ മൂവാണ്ടന്‍ മാവാണ് മുഖ്യ ആകര്‍ഷണം. (കടബാധ്യത മൂലം ജോണിക്കുട്ടിയും കുടുംബവും തൂങ്ങി മരിച്ചത് ഈ മാവിന്റെ കൊമ്പത്തായിരുന്നു.)



മാത്തച്ചന്‍ മുതലാളിയുടെ മൂന്നാറിലെ ‘വളരുന്ന‘ ഹോട്ടല്‍
10 വര്‍ഷം മുമ്പ് വെറും 5 സെന്റ് സ്ഥലത്ത് പണിതീര്‍ത്ത ഈ ഹോട്ടല്‍, പ്രദേശത്തെ സവിശേഷമായ കാലാവസ്ഥയില്‍ സ്വയം വികസിച്ച് അപ്പുറത്തെ സര്‍ക്കാര്‍ ഭൂമിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇതില്‍ മഹാത്ഭുതം ഏതെന്ന് നിങ്ങള്‍ തീരുമാനിക്കുക!

ബ്ലോഗ്‌ഗുലാ‍ന്‍/ കാര്‍ട്ടൂണ്‍


എം.എസ്.പ്രകാശ്