വലയസൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ വലിയപറമ്പ് എ.യു.പി.സ്കൂള്‍ അണിഞ്ഞൊരുങ്ങി. 425 ആണ്‍കുട്ടികള്‍ക്കും 410 പെണ്‍കുട്ടികള്‍ക്കും 22 അദ്ധ്യാപകര്‍ക്കും കൂടി 857 കണ്ണടകള്‍ തയ്യാറായി।
ഒന്നാം പിരിയേഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ അശോകന്‍ മാഷ് അമ്പരന്നു. സാവിത്രിടീച്ചര്‍ വാരിവലിച്ച് ചോറുണ്ണുകയാണ്। “ഇതെന്തു കഥ? ടീച്ചറേ, ഇങ്ങക്ക് സമയം തെറ്റിയോ?“
ശല്യപ്പെടുത്തല്ലെ അശോകാ, സാവിത്രി അന്തര്‍ജനം ഗ്രഹണദോഷം തൊടങ്ങ്ണേന്റെ മുമ്പ് ചോറുണ്ട് തീര്‍ന്നോട്ടെ. ഒരു അരച്ചിരിയൊടെ ഗീത റ്റീചര്‍ പറഞ്ഞു.
“ഓ..ന്റെ ടീച്ചറേ…ഒന്നൂല്ലെങ്കില് ഇങ്ങളൊരു സയന്‍സ് ടീച്ചറല്ലെ? പോരാത്തേന് ഒരു പുരോഗമന സംഘടനേല് മെമ്പറും!“ അശോകന്‍ മാഷിന് രോഷം അടക്കാനായില്ല.
“ന്റെ വിശ്വാസത്തുമ്മല് തൊട്ട് കളിക്കല്ലെ അശോകാ, മെമ്പര്‍ഷിപ്പും പ്രവര്‍ത്തന ഫണ്ടും കൃത്യമായി തര്ണുണ്ടല്ലോ” സാവിത്രി ടീച്ചറും ചൂടായി.
“ഇങ്ങള് ഇത് കാണ്‌ണില്ലെ കെ.കെ.ആറേ?“ സംഘടനയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ രാമദാസന്‍ മാഷോട് അശോകന്‍ ചോദിച്ചു.
‘പോട്ടെ, എ.കെ.എസ്സേ, മാര്‍ഗ്ഗരേഖ നമ്മള്‍ നേതാക്കന്മാര്‍ക്കു മാത്രമേ ബാധകള്ളൂ. വെറുതെ യ്യ് ഒരു മെംബര്‍ഷിപ്പ് കളയല്ലെ”.
എന്തോ, സെക്രട്ടറിയുടെ വിശദീകരണം അശോകന്‍ മാഷിന് അത്ര ബോധ്യപ്പെട്ടില്ല। അറബിക്കഥയിലെ ക്യൂബാമുകുന്ദനെപ്പോലെ മാഷ് ബാത്ത് റൂമിനകത്തേക്ക് കേറിപ്പോയി. നാലു ചുമരുകള്‍ക്കുള്ളില്‍നിന്ന് മുഷ്ടി ചുരുട്ടി വിളിച്ചു-“അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍, സൂര്യഗ്രഹണത്തിനഭിവാദ്യങ്ങള്‍…
ഗ്രഹണം തുടങ്ങി.. സ്കൂള്‍ ഒന്നടങ്കം ഗ്രൌണ്ടില്‍ ഒത്തുകൂടി. വെയില്‍ കുറേശ്ശേ മങ്ങിത്തുടങ്ങി. സ്റ്റാഫ് റൂമിനുള്ളിലിരുന്ന് സാവിത്രി ടീച്ചര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു- അടുത്ത സൂര്യഗ്രഹണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന്റെ മുമ്പ് ന്നെ അങ്ങട്ട് റിട്ടയര്‍ ചെയ്യിക്കണേ, ന്റെ കാടാമ്പുഴ ഭഗവത്യേ…”
ഏ.ഈ.ഓ. ഓഫീസില്‍ പോയി ഉച്ചക്കഞ്ഞിയുടെ കണക്കും കൊടുത്ത് ബസ്സിറങ്ങി നോക്കിയ ഹെഡ്‌മാഷ് അന്തം വിട്ടു.കടലാസുകണ്ണടേം വെച്ച് കുട്ടികള്‍ മുഴുവന്‍ മുറ്റത്തും ഗ്രൌണ്ടിലും!
“ഇതെന്താ റ്റീച്ചറേ, കഥ? ഇവറ്റേനെ കയറൂരി വിട്ടിരിക്ക്യാ?“ ആദ്യം മുന്നില്‍ കണ്ട ശോഭടീച്ചറോട് മാഷ് ചോദിച്ചു.
“മറന്നോ മാഷേ, ഇന്നല്ലേ സൂര്യ ഗ്രഹണം? മാഷ്‌ക്കും കാണണ്ടേ?” ടീച്ചറൊരു കണ്ണട ഹെഡ് മാഷുടെ നേരെ നീട്ടി.
ഉച്ചക്കഞ്ഞീം ന്യൂനപക്ഷസ്കോളര്‍ഷിപ്പുമൊക്കെ തലയില്‍ നിറഞ്ഞു കിടക്കുമ്പോള്‍ മാഷിനെന്തു ഗ്രഹണം! “ ഞാന്‍ അടുത്ത ഗ്രഹണം കണ്ടോളാം”, കണ്ണട വാങ്ങാതെ മാഷ് ഒഫീസിലേക്ക് നടന്നു.
“ ഇനി ആയിരം കൊല്ലം കഴിഞ്ഞേ ഇതുപോലൊന്നു ഉണ്ടാകൂ, അന്നത് കാണണെങ്കില്‍ മാഷിനെ ഒണക്കി സൂക്ഷിക്കേണ്ടി വരും”, ശോഭ ടീച്ചറ് പിറകില്‍നിന്ന് വിളിച്ചു പറഞ്ഞു। “ ടീച്ചറേ, ഇങ്ങളൊരു ടീച്ചറല്ലായിരുന്നെങ്കില്‍ ഇതിന് ഇപ്പൊത്തന്നെ സമാധാനം പറയുമായിരുന്നു.” മാഷ് മനസ്സില്‍ പറഞ്ഞു. ചെക്കന്മാരൊക്കെ കൂക്കിവിളിച്ച് പാഞ്ഞു നടക്കുകയാണ്. ഈ സൂര്യഗ്രഹണം സൂര്യഗ്രഹണം എന്നു പറഞ്ഞാലെന്താ പാല്‍പ്പായസോ? മാഷിന് പിന്നേം സഹിച്ചില്ല. ആള്‍ ഡീപീഈപ്പിക്കും മുമ്പുള്ള സുവര്‍ണ്ണകാലത്തെ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന ഒരു പഴയ മാഷല്ലേ. പ്യൂണ്‍ സുകുവിനോട് മൈക്ക് ഓണാക്കാന്‍ പറഞ്ഞു.
അല്പസമയത്തിനകം ഹെഡ്‌മാഷുടെ ഘനഗംഭീരസ്വരം മൈക്കിലൂടെ ഒഴുകിയെത്തി-“ കുട്ടികള്‍ അച്ചടക്കത്തോടെ ഇരിക്കുക। അല്ലെങ്കില്‍ സൂര്യഗ്രഹണം ഉടനടി നിര്‍ത്തി വെയ്ക്കുന്നതാണ്!”
എം.എസ്.പ്രകാശ്
ഗ്രഹണോത്സവം- ഒരു കാര്‍ട്ടൂണ്‍ കഥ
Posted by
എം.എസ്.പ്രകാശ്
on Friday, 15 January 2010
Labels:
കാര്‍ട്ടൂണ്‍
Blog Design by Gisele Jaquenod
3 comments:
ലത് കലക്കി :)
കലക്കി. ശ്രീനിവാസന്‍ ടച്ചുള്ളോരു സാമൂഹ്യ വിമര്‍ശനം...
good
Post a Comment